Sunday, April 13, 2008

വിഷുക്കൈനീട്ടം



ഗര്‍ഭപാത്രത്തിന്റെ
ഇരുണ്ട അറയില്‍ നിന്നും
പുറംലോകത്തിന്റെ
വര്‍ണ്ണക്കാഴ്ചകളിലേക്ക്‌
ഓടിയെത്താന്‍ വെമ്പവെ
വൈകീയാണെങ്കിലും
അത്‌ തിരിച്ചറിഞ്ഞു.

വിഷുദിനത്തില്‍ തന്നെ
ഈ വലിയലോകത്തിന്റെ
ചെറിയ മാറിടത്തിലേക്ക്‌
പിറന്നുവീണതുകൊണ്ടാവാം..
ദൈവം കനിഞ്ഞുനല്‍കിയ
വിഷുക്കൈനീട്ടമാണ്‌
താനെന്ന്‌ സ്വയമോര്‍മ്മിച്ചിരുന്നു..

ശൈശവത്തിന്റെ
കളങ്കമില്ലായ്മയില്‍ നിന്നും
കൗമാരവും യൗവനവും
കടന്ന്‌ ചാപല്യങ്ങളുടെ
ഇരുട്ടറകളില്‍ പ്രവേശിച്ചപ്പോഴും
ദാനം കിട്ടിയ ജന്‍മത്തിന്‌
താന്‍ മാത്രമല്ലവകാശിയെന്ന്‌
വിശ്വസിപ്പിച്ചുകൊണ്ടേയിരുന്നു..

തൊടിയിലെ മരങ്ങള്‍
ദയാപൂര്‍വ്വം പകര്‍ന്നുനല്‍കിയ
സൗജന്യം മുതലെടുത്ത്‌
ശിഖരങ്ങളെ ഊഞ്ഞാല്‍ക്കയറു-
കൊണ്ട്‌ അലോസരപ്പെടുത്തുന്നത്‌
പലപ്പോഴും വിഷുവിന്റെ
സുവര്‍ണ്ണനാളുകളിലായിരുന്നു...

ദൈവത്തിന്‌ തിരിച്ചുനല്‍കാന്‍
കഴിഞ്ഞില്ലെങ്കിലും...
സംതൃപ്തിയുടെ
കണികള്‍ മനസ്സില്‍
അവശേഷിച്ചിരുന്നു..
വളര്‍ത്തി വലുതാക്കിയ
രക്ഷിതാക്കള്‍ക്ക്‌
ഏറ്റവുമൊടുവില്‍ നല്‍കിയ
വിഷുക്കൈനീട്ടം
വൃദ്ധസദനത്തിലെ
ഇടുങ്ങിയ മുറിയാണെങ്കിലും....