Sunday, May 25, 2008

മഴ


ജാലകത്തിപ്പുറത്തെ
പരന്ന ലോകം
ഇടുങ്ങിയ മുറിയ്ക്കുള്ളില്‍
നോക്കിയപ്പോള്‍
നന്നെ ചെറുതായി
ന്നിയിരുന്നു.

തൊടിയിലെ വൃക്ഷങ്ങളെ;
പുല്‍നാമ്പുകളെയും നിലത്ത്‌
കെട്ടിപ്പിണഞ്ഞ്‌ കിടക്കുന്ന
വേരുകളെയും നനച്ചുകൊണ്ട്‌
പുതുമഴ പെയ്തിറങ്ങിയപ്പോള്‍
എന്തെന്നില്ലാതെ
ആഹ്ളാദിച്ചിരുന്നു.

വരണ്ട മണ്ണിനെ
ഈറനുടുപ്പിച്ച്‌
പുതുമഴയുടെ പുതുനാമ്പുകള്‍
ഭൂമിയെ ചുംബിച്ചപ്പോള്‍
നാണം കൊണ്ട്‌
ധര മുഖം പൊത്തി.

അവളുടെ ശരീരത്തില്‍
നിന്നുമുതിര്‍ന്ന ഗന്ധം
മഴയ്ക്ക്‌ ഒട്ടും
അസഹ്യമായിരുന്നില്ല.
മഴയുടെ ഭാരം
അളക്കാന്‍ ശ്രമിച്ചിരുന്നില്ല;
ഒരിക്കലുംപക്ഷെ...

മഴയെ ഗാഢമായി
പ്രണയിച്ചിരുന്നുവെന്ന്‌
സ്വയം മനസ്സിലാക്കിയത്‌ -
ചേമ്പില വലിച്ചെറിഞ്ഞ്‌
ആകാശത്ത്‌ നോക്കി
നടന്നകന്നപ്പോഴായിരുന്നു.

Sunday, April 13, 2008

വിഷുക്കൈനീട്ടം



ഗര്‍ഭപാത്രത്തിന്റെ
ഇരുണ്ട അറയില്‍ നിന്നും
പുറംലോകത്തിന്റെ
വര്‍ണ്ണക്കാഴ്ചകളിലേക്ക്‌
ഓടിയെത്താന്‍ വെമ്പവെ
വൈകീയാണെങ്കിലും
അത്‌ തിരിച്ചറിഞ്ഞു.

വിഷുദിനത്തില്‍ തന്നെ
ഈ വലിയലോകത്തിന്റെ
ചെറിയ മാറിടത്തിലേക്ക്‌
പിറന്നുവീണതുകൊണ്ടാവാം..
ദൈവം കനിഞ്ഞുനല്‍കിയ
വിഷുക്കൈനീട്ടമാണ്‌
താനെന്ന്‌ സ്വയമോര്‍മ്മിച്ചിരുന്നു..

ശൈശവത്തിന്റെ
കളങ്കമില്ലായ്മയില്‍ നിന്നും
കൗമാരവും യൗവനവും
കടന്ന്‌ ചാപല്യങ്ങളുടെ
ഇരുട്ടറകളില്‍ പ്രവേശിച്ചപ്പോഴും
ദാനം കിട്ടിയ ജന്‍മത്തിന്‌
താന്‍ മാത്രമല്ലവകാശിയെന്ന്‌
വിശ്വസിപ്പിച്ചുകൊണ്ടേയിരുന്നു..

തൊടിയിലെ മരങ്ങള്‍
ദയാപൂര്‍വ്വം പകര്‍ന്നുനല്‍കിയ
സൗജന്യം മുതലെടുത്ത്‌
ശിഖരങ്ങളെ ഊഞ്ഞാല്‍ക്കയറു-
കൊണ്ട്‌ അലോസരപ്പെടുത്തുന്നത്‌
പലപ്പോഴും വിഷുവിന്റെ
സുവര്‍ണ്ണനാളുകളിലായിരുന്നു...

ദൈവത്തിന്‌ തിരിച്ചുനല്‍കാന്‍
കഴിഞ്ഞില്ലെങ്കിലും...
സംതൃപ്തിയുടെ
കണികള്‍ മനസ്സില്‍
അവശേഷിച്ചിരുന്നു..
വളര്‍ത്തി വലുതാക്കിയ
രക്ഷിതാക്കള്‍ക്ക്‌
ഏറ്റവുമൊടുവില്‍ നല്‍കിയ
വിഷുക്കൈനീട്ടം
വൃദ്ധസദനത്തിലെ
ഇടുങ്ങിയ മുറിയാണെങ്കിലും....